മനാമ: ബഹ്‌റൈനിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ ആദ്യവാരത്തോടെ തുറക്കും. പബ്ലിക് റിലേഷന്‍, മീഡിയ ഡയറക്ടര്‍ ഡോ. ഫവാസ് അല്‍ ഷെറുഗ്യയ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6ന് അധ്യാപകരും സ്‌കൂളുകളില്‍ ഹാജരാവും. സെപ്റ്റംബര്‍ 16ന് വിദ്യര്‍ത്ഥികള്‍ സ്‌കൂളുകളില്‍ തിരികെയെത്തും. അതേസമയം സ്‌കൂളുകളില്‍ നേരിട്ട് എത്തണമോ അതോ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടര്‍ന്നാല്‍ മതിയോ എന്ന് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് തീരുമാനമെടുക്കാം.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ബഹ്‌റൈനിലെ സ്‌കൂളുകള്‍ അടച്ചത്. പിന്നാലെ വേനല്‍ അവധി കൂടിയെത്തിയതോടെ രാജ്യത്ത് ദീര്‍ഘകാലം സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നു. പുതിയ അക്കാദമിക് വര്‍ഷത്തില്‍ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കൂടുതല്‍ മാറ്റങ്ങളുണ്ടാവുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ഘട്ടംഘട്ടമായി ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.