മനാമ: ബഹ്റൈനില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ നാല് പേര്‍ പിടിയില്‍. പ്രതികള്‍ 25നും 46നുമിടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് കേസ് അന്വേഷിച്ചിരുന്നത്.
മോഷണം കേസുകളില്‍ നേരിയ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറുകയായിരുന്നു.
തെളിവെടുപ്പിന് ശേഷം പ്രതികളില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങളെല്ലാം കണ്ടെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ 12 സ്ഥലങ്ങളില്‍ നിന്നായി മോഷണം നടത്തിയെന്ന് സമ്മതിച്ചു. പ്രധാനമായും വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ആയിരുന്നു പ്രതികള്‍ മോഷണം നടത്തിയിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തുടര്‍ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.