ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 68,898 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 29,05,823 ആയി ഉയര്‍ന്നു. 983 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. 54,849 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. നിലവില്‍ 6,92,028 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21,58,946 പേര്‍ ഇതുവരെ രോഗമുക്തി നേടി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 8,05,985 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
ഐസിഎംആര്‍ കൊവിഡ് പരിശോധനയ്ക്ക് വേണ്ട പുതിയ നിര്‍ദേശം പുറത്തുവിട്ടു. കൊവിഡ് -19മായി ബന്ധപ്പെട്ട പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. രോഗ ബാധ തീവ്രമല്ലാത്ത രോഗികളുടെ കവിള്‍കൊള്ളുന്ന വെള്ളം പരിശോധിക്കാമെന്നാണ് ഐസിഎംആര്‍ തീരുമാനം. ഡല്‍ഹി എയ്ംസിലെ 50 രോഗികളില്‍ ഇതു സംബന്ധിച്ച് നടത്തിയ പഠനം വിജയകരമാണ്. ഇത്തരത്തിലുള്ള പരിശോധനയിലൂടെ രോഗികളുടെ ശ്രവം ശേഖരിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗ വ്യാപന സാധ്യത ഒഴിവാക്കാമെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
അതേസമയം കേരളത്തില്‍ ഇന്നലെ 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.