മനാമ: ബഹ്റൈനില്‍ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത് 10 ലക്ഷത്തിലേറെപ്പേരെയെന്ന് ആരോഗ്യ മന്ത്രി ഫൗയിഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ്. രാജ്യത്തെ ‘ട്രെയ്സ്, ടെസ്റ്റ്, ട്രീറ്റ്’ എന്ന കോവിഡ് പ്രതിരോധ നടപടിയിലൂടെയാണ് ഇത്തരത്തിലുള്ള റെക്കോര്‍ഡ് എണ്ണത്തിലേക്ക് പരിശോധനകള്‍ എത്താന്‍ കാരണം എന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലമായി ലോകത്തിലെ തന്നെ കൊവിഡ് പരിശോധനകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലൊന്നായ ആയിരം പേര്‍ക്ക് 675 ടെസ്റ്റുകള്‍ എന്ന നിരക്കിലേക്ക് ബഹ്റൈന്‍ എത്തിച്ചേര്‍ന്നു.
പരിശോധനയ്ക്ക് വിധേയമാക്കിയവരില്‍ 4.8 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് കേസുകള്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ഫലപ്രദമായ കൊവിഡ് ടെസ്റ്റുകള്‍ 11 സാംപിളുകള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ പോസിറ്റീവ് കേസുകള്‍ ഒന്നില്‍ കൂടുരുത് എന്നാണ്. ബഹ്റൈനില്‍ നിലവില്‍ ഈ നിര്‍ദേശത്തിന് വളരെ താഴെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം 92.2% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും തിരിച്ചറിയാനും നിരീക്ഷണത്തിലാക്കാനും സാധിക്കുന്നുണ്ട്. ഇതിലൂടെ രോഗ വ്യാപനത്തിന്റെ തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.