മനാമ: ഇന്ത്യയില്‍ കുടുങ്ങിയ ബഹ്റൈന്‍ പ്രവാസികളുടെ വിമാന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ക്കു കത്തയച്ചു. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലിവുള്ളതെന്ന് എംപി അംബാസിഡറെ അറിയിച്ചിട്ടുണ്ട്.
നിരവധി പ്രവാസികള്‍ ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവരുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കാന്‍ രണ്ടു സര്‍ക്കാരുകളുമായും ബന്ധപ്പെടുന്നുണ്ടെന്നും എംപിയുടെ കത്തിന് മറുപടിയായി അംബാസിഡര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയര്‍ ബബിള്‍ ക്രമീകരണത്തിനുള്ള നിര്‍ദ്ദേശം നിലവില്‍ ന്യൂ ഡല്‍ഹിയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി സജീവ പരിഗണനയിലാണെന്നും അടുത്ത സെറ്റ് എയര്‍ ബബിള്‍ ക്രമീകരണത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയ്ക്കായി 13 രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന സിവില്‍ ഏവിയേഷന്‍ മന്ത്രി ബഹുമാനപ്പെട്ട ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിട്ടുമുണ്ടെന്നും അംബാസിഡര്‍ മറുപടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളുടെ യാത്രാ പ്രക്രിയകളെല്ലാം വേഗത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കിയിട്ടുണ്ട്.