പൂനെ: ഇന്ത്യയില്‍ ‘കൊവിഷീല്‍ഡ്’വാക്സിന്‍ 73 ദിവസത്തിനുള്ളില്‍ വിപണിയില്‍ എത്തുമെന്ന വാര്‍ത്ത വ്യാജമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. വാക്സിന്‍ വിപണയില്‍ എത്തുമ്പോള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സെറം വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സെറം നേരിട്ട് സത്യാവസ്ഥ അറിയിച്ചത്.
രാജ്യത്തെ 20 കേന്ദ്രങ്ങളിലായാണ് കൊവിഷീല്‍ഡിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മ്മിക്കാനും ഭാവി ഉപയോഗത്തിനായി സംഭരിക്കാനും മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും സെറം വ്യക്തമാക്കി. പരീക്ഷണങ്ങള്‍ മുഴുവനായും വിജയകരമായാല്‍ മാത്രമെ വാക്സിന്‍ വിപണിയിലെത്തുകയുള്ളു. അതിനാല്‍ വാക്സിന്‍ ഉടന്‍ പുറത്തിറങ്ങും എന്ന വാര്‍ത്തകളെല്ലാം പൂര്‍ണ്ണമായും തെറ്റാണ് എന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.