മനാമ: ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 27-29 തീയതികളില്‍ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയും ഡിസംബര്‍ 4-6 തീയതികളില്‍ ഫോര്‍മുല വണ്‍ റോളക്സ് സാഖിര്‍ ഗ്രാന്‍ഡ് പ്രീയുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതാദ്യമായാണ് രണ്ട് ഫോര്‍മുല വണ്‍ റേസുകള്‍ ബഹ്റൈനില്‍ നടത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.
2020 സീസണില്‍ 17 റേസുകള്‍ നടത്തുമെന്നാണ് ഫോര്‍മുല വണ്‍ സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് കാരണം വിവിധ രാജ്യങ്ങളിലെ മത്സരങ്ങളും മാറ്റിവെച്ചിരുന്നു. രാജ്യത്ത് രോഗവ്യാപനം നിലവില്‍ കുറവാണെങ്കിലും മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.