മനാമ: കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും നാട്ടിൽ കുടുങ്ങി പോയ യാത്രക്കാരുമായി ബഹറിൻ കേരളീയ സമാജ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ കൂടി ബഹ്റൈനിൽ എത്തി. യാത്രാവിമാനങ്ങളുടെ പരിമിതികൾ മൂലം നാട്ടിൽ കുടുങ്ങി കിടന്ന ബഹ്റൈൻ മലയാളികളെ തിരിച്ചെത്തിക്കാൻ കേരളീയ സമാജം നടത്തിയ ഇടപ്പെടലുകൾ ഫലം കണ്ടു. ഇതിനകം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് അഞ്ച് വിമാനങ്ങളിലായി നൂറുകണക്കിന് മലയാളികളെ ബഹ്റൈനിൽ എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇതിനകം രജിസ്റ്റർ ചെയ്തവർക്ക് എതാനും ദിവസങ്ങൾക്കകം ബഹറൈനിൽ എത്തിചേരാവുന്ന വിധം ക്രമികരണങ്ങൾ നടന്നുക്കൊണ്ടിരിക്കുകയാണെന്നും രാധാകൃഷ്ണ പിള്ള അറിയിച്ചു.
വിസ കാലാവധി തീരാനിക്കുന്നവരും ചികിത്സക്കായും മറ്റും നാട്ടിൽ പോയവരും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമായ നിരവധി ആളുകളോടൊപ്പം നാട്ടിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടഞ്ഞുകിടക്കുന്നത് കൊണ്ട് ഉപരിപഠനത്തിന് പോയ വിദ്യാർത്ഥികളും ബഹ്റൈനിലേക്ക് വിമാനയാത്ര സാധ്യമല്ലാതെ കഷ്ടപ്പെടുകയായിരുന്നു. ബഹറൈനിലേക്ക് ചാർട്ടേഡ് വിമാനയാത്രക്ക് അനുമതി ലഭിച്ച എക സംഘടന ബഹറൈൻ കേരളീയ സമാജമായിരുന്നു. ഇതിനകം ജി.സി സി യിൽ 24 വിമാനങ്ങൾ സർവ്വിസ് നടത്തിയ സംഘടനയും സമാജമാണ്.
നാട്ടിൽ നിന്ന് വരാനാഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നതായും താൽപ്പര്യമുള്ളവർക്ക് വൈകുന്നേരങ്ങളിൽ സമാജത്തിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കാമെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.