മനാമ: പള്ളികള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് അല്‍ ഫതഹ് ഗ്രാന്റ് മോസ്‌ക് ഇമാം. വെള്ളിയാഴ്ച്ച പള്ളിയില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്ന പ്രാര്‍ത്ഥനയില്‍ 170 പേരാണ് പങ്കെടുത്തത്. ഭരണാധികാരികളായ ഹിസ് മെജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയ്ക്കും, പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമാദ് അല്‍ ഖലീഫയ്ക്കും തന്റെ നന്ദി രേഖപ്പെടുത്തി. അതോടൊപ്പം കൊവിഡ് വ്യാപനം കുറഞ്ഞതിനാല്‍ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള തീരുമാനം എടുത്ത നാഷ്ണല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്സിനോടും അദ്ദേഹം നന്ദി അറിയിച്ചു. പള്ളികള്‍ തുറക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്കായി മുന്നോട്ട് വെച്ച ആരോഗ്യ നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
അശൂറ ദിനത്തിന്റെ പ്രത്യകതയെ കുറിച്ചും ഇമാം സംസാരിച്ചു. കൂടാതെ രാജ്യം ഏര്‍പ്പെടുത്തിയ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ജനങ്ങളുടെ കടമയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷയും നിലനില്‍പ്പുമാണ് നാം ഉറപ്പുവരുത്തുന്നത്. ഇതിലൂടെ കൊവിഡ് മഹാമാരിയെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.