മനാമ: കോവിഡ് പ്രതിരോധത്തിനായി കൈകോര്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. തന്റെ വസതിയിലെ അല്‍ സഖീര്‍ പള്ളിയില്‍ വെച്ച് നടന്ന ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജകുടുബത്തിലെ മറ്റ് അംഗങ്ങളും ജുമഅയില്‍ പങ്കെടുത്തിരുന്നു. സുപ്രീം കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് അഫയെര്‍സിന്റെ തീരുമാന പ്രകാരം ബഹ്റൈനില്‍ പള്ളികള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ തീരുമാനിച്ചിരുന്നു. പള്ളി വീണ്ടും തുറന്നതിന് ശേഷം നടക്കുന്ന ആദ്യ ജുമുഅ നമസ്‌കാരമാണിത്.
നമസ്‌കാരത്തിന് ശേഷം രാജാവ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവരോടുമായി സംസാരിച്ചു. തുടര്‍ന്ന് കോവിഡ് പ്രതിരോധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടാസ്‌ക് ഫോഴ്സ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക ഏജന്‍സികള്‍ക്കും മറ്റുള്ളവര്‍ക്കും രാജാവ് നന്ദിയറിയിച്ചു. രോഗ വ്യാപനം തടയാന്‍ സഹായിച്ച എല്ലാവരുടെയും രാജ്യസ്‌നേഹത്തെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും, സുരക്ഷയും പ്രധാനമായി കണ്ട് പ്രവര്‍ത്തിച്ചത് എടുത്ത് പറഞ്ഞു.
ലോകത്ത് പടര്‍ന്ന് പിടിച്ച മഹാമാരിയില്‍ നിന്നും എല്ലാ രാഷ്ട്രങ്ങളെയും മതസ്ഥരെയും ദൈവം രക്ഷിക്കട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. പള്ളികള്‍ വീണ്ടും തുറക്കാനും പ്രാര്‍ത്ഥനകള്‍ നടത്താനും സാധിച്ചത് ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജുമുഅ നമസ്‌കാരത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കും നിലനില്‍പിനും സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥന നടത്തി.