ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 69,921 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 36,87,145 എത്തി നില്‍ക്കുന്നു. 65288 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. ഇതില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 819 മരണങ്ങളും ഉള്‍പ്പെടുന്നു. 1.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 7,85,996 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 2839882 പേരാണ് രോഗമുക്തരായത്. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്നലെയും പതിനാറായിരത്തിന് മുകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് രോഗബാധിതര്‍ 7 ലക്ഷത്തി 80,000 കടന്നു. അതേസമയം, മരണനിരക്കില്‍ നേരിയ കുറവുണ്ട്. ഒരാഴ്ചക്കിടെ ആദ്യമായി മരണസംഖ്യ 300ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നിവടങ്ങള്‍ക്ക് പുറമെ യുപി, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനവാണ് കാണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ രോഗ നിയന്ത്രണത്തിനുള്ള അടിയന്തര നടപടികള്‍ സംഘം വിലയിരുത്തും. 19,87,705 കേസുകളാണ് ആഗസ്റ്റില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ജൂലൈ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതലാണിത്.
അതേസമയം കേരളത്തില്‍ ഇന്നലെ 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.