റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.കോവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആറ് മാസത്തേക്ക് അനുവദിച്ച മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു.മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി നാളെ വാദം കേള്‍ക്കും.
ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.