മനാമ: കോവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ, തുച്ഛ വേതനക്കാരായ നൂറ്റി അൻപത് ക്‌ളീനിംഗ് തൊഴിലാളികൾക്കാണ് ഹോപ്പ് തിരുവോണദിവസം ഉച്ചയ്ക്ക് സദ്യ നൽകിയത്. സൽമാനിയ, അഥില്യ, മനാമ എന്നിവിടങ്ങളിലായുള്ള തൊഴിലിടങ്ങളിലാണ് മലയാളികൾക്ക് സദ്യയും, മറ്റുള്ള സഹോദരങ്ങൾക്ക് അവർക്കനുയോജ്യമായ ഭക്ഷണവും എത്തിച്ചത്. ഇതിലെ ഒരു ക്യാമ്പിലെ സഹോദരങ്ങൾക്ക് കഴിഞ്ഞ മാസങ്ങളിലായി രണ്ട് തവണ, ഓരോ മാസത്തേയ്ക്ക് ആവശ്യമായ ഡ്രൈ റേഷനും എത്തിച്ചു നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിസിനസ് കുറഞ്ഞതിനാൽ കമ്പനിയിൽ നിന്നും കൃത്യമായി ശമ്പളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജയേഷ് കുറുപ്പ്, അശോകൻ താമരക്കുളം, സിബിൻ സലിം, ഗിരീഷ് ജി. പിള്ളൈ, റിഷിൻ വി. എം, ഷാജി ഇളമ്പിലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു.
കൂടാതെ ‘ഓണത്തുമ്പികൾ 2020’ എന്ന പേരിൽ ഓണപ്പുടവയണിഞ്ഞ കുട്ടികളുടെ ഫോട്ടോ കോണ്ടെസ്റ്റും നടന്നു വരുന്നു. ജോഷി നെടുവേലിൽ, ഗിരീഷ് ജി. പിള്ളൈ, ജാക്‌സ് മാത്യു തുടങ്ങിയവരുടെ നേതൃത്തിലുള്ള ടീം ഇതിനായി പ്രവർത്തിക്കുന്നു.
ആറ് മാസമായി ജോലിയില്ലാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ രണ്ട് സഹോദരങ്ങൾക്ക് ‘ഗൾഫ് കിറ്റും’, യാത്രയ്ക്കാവശ്യമായ സാമ്പത്തിക സഹായവും നൽകാനും തിരുവോണദിവസം ഹോപ്പിന് സാധിച്ചിരുന്നു. ചെറിയ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയതായിരുന്നു ഗൾഫ് കിറ്റ്. കൂടാതെ കോവിഡിന്റെ ആരംഭം മുതൽ തുടർന്നു വരുന്ന ഫുഡ് കിറ്റ് വിതരണത്തിന്റെ ഭാഗമായി, ജോലിയില്ലാതെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കണ്ണൂർ സ്വദേശിയുടെ അവസ്ഥ നാട്ടിൽ നിന്നും ഭാര്യ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹത്തിനും ഒരുമാസത്തേയ്ക്ക് ആവശ്യമായ അവശ്യസാധന കിറ്റ് ഇന്നലെ എത്തിച്ചു നൽകി.
അശരണർക്ക് കൈത്താങ്ങാകുവാനുള്ള ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ അംഗങ്ങളോടും, മറ്റ് അഭ്യുദയകാംഷികളോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.