ലണ്ടൺ: ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസണ് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടണിൽ ‘ദി ബാറ്റ്മാൻ’ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തി വെച്ചു. മാർച്ചിൽ നിർത്തിവെച്ച സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പുനരാരംഭിക്കുന്നത്.
കൂറച്ച് ദിവസങ്ങൾക്ക് മുൻപ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചതിനാൽ ചിത്രീകരണം നിർത്തി വെക്കുകയാണെന്ന് വാർണർ ബ്രോസ് അറിയിച്ചിരുന്നു. എന്നാൽ രോഗബാധിച്ചത് ആർക്കാണെന്ന് വ്യക്തമാക്കിയിരുന്നില്ല. വ്യാഴാഴ്ച്ച ഹോളിവുഡ് റിപ്പോർട്ടറും, വാനിറ്റി ഫെയറുമാണ് റോബർട്ട് പാറ്റിൻസണ് കൊവിഡ് ബാധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. 2021 ഒക്ടോബറിലാണ് ‘ദി ബാറ്റ്മാൻ’ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.