മനാമ: ബഹ്‌റൈനില്‍ ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റസ്റ്റോറന്റുകള്‍ ഭാഗികമായി തുറന്നു. ഇന്നലെ മുതലാണ് റസ്റ്റോറന്റുകളില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുമതി ലഭിച്ചത്. നേരത്തെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് റസ്റ്റോറന്റുകള്‍ പുറത്ത് ഭക്ഷണം വിളമ്പുന്നത്. ശീഷാ സര്‍വീസുകള്‍ ഈ മാസം 24 ഓടെ പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ നേരത്തെ നല്‍കിയ വിവരം.
കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് ബഹ്‌റൈന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഘട്ടംഘട്ടമായി റസ്റ്റോറന്റുകള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. ഇപ്പോള്‍ ഭാഗികമായി മാത്രമെ പ്രവര്‍ത്തിക്കാനാവു. ഇഷ്ട വിഭവങ്ങള്‍ തേടി ആളുകള്‍ റസ്റ്റോറന്റുകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബര്‍ 3 മുതല്‍ രാജ്യത്തെ സ്വകാര്യ തൊഴില്‍ പരിശീല സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.