ശ്രീജ ബോബി
(ബുദയ്യ, എബനേസർ പ്രൈവറ്റ് സ്കൂളിലെ അധ്യാപികയാണ് ലേഖിക)
‘അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിത്തറയിൽ നിന്ന് മാത്രമേ സന്തോഷകരമായ മനുഷ്യജീവിതം സൃഷ്ടിക്കാനാകൂ’ എന്ന് പറഞ്ഞ ഡോക്ടർ എസ്. രാധാകൃഷ്ണന്റെ ജന്മദിനം തന്നെയാണ് അധ്യാപകദിനമാകാൻ ഏറ്റവും ഉചിതം. ബെർട്രാൻഡ് റസ്സൽ, ഡോക്ടർ രാധാകൃഷ്ണനെ വിശേഷിപ്പിച്ചത് ‘തത്വചിന്തകർക്കിടയിലെ രാജാവ്’ എന്നായിരുന്നു. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ഭാരതരത്ന ജേതാവുമായിരുന്ന അദ്ദേഹത്തിന്റെ ചിന്താദർശനങ്ങൾ എന്നെന്നും പ്രസക്തമായവയാണ്.
ഒഴിഞ്ഞ പാത്രങ്ങളിലേക്ക് അറിവിന്റെ മണിമുത്തുകൾ നിറയ്ക്കുവാനുള്ള നിയോഗമാണ് ഒരധ്യാപകന്റേത്. ഒരേ ക്ലാസ്സ്‌മുറിയിലുള്ള വിവിധങ്ങളായ പഠന നിലവാരമുള്ള, വ്യത്യസ്ത ബൗദ്ധിക തലങ്ങളിലുള്ള കുട്ടികളെ താരതമ്യങ്ങളിലുലയ്ക്കാതെ, വിഭാഗീയതകൾ കാണിക്കാതെ, ഒരേപോലെ ചേർത്തു നിർത്തുവാനുള്ള കഴിവ് അധ്യാപകന് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ പല തരത്തിലുള്ള കഴിവുകളെ വികസിപ്പിച്ച്, അവരുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അധ്യാപകരുടെ പങ്ക് ഏറെ വലുതാണ്.
‘ഗുരുവും ദൈവവും ഒന്നിച്ചു വന്നാൽ, ദൈവത്തിനെ കാട്ടിതന്ന ഗുരുവിനെ ആദ്യം വന്ദിക്കണം’ എന്ന കബീർ വചനങ്ങളുടെ മാറ്റ് ഒരിക്കലും മങ്ങുകയില്ല. നാളെയുടെ നല്ല പൗരന്മാരായി മാറേണ്ട കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേർത്തു നിർത്തി നന്മയുടെ, ജ്ഞാനത്തിന്റെ വീഥികളിലൂടെ നയിക്കുന്ന എല്ലാ അധ്യാപകർക്കും ആശംസകൾ.