മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർബബിൾ കരാറിന് അന്തിമാനുമതി ലഭിക്കുന്നതും കാത്ത് പ്രതീക്ഷയോടെയാണ് പ്രവാസികൾ. ആയിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരാനായി കാത്തിരിക്കുന്നത്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബിൾ കരാർ ഉടനെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എയർ ബബിൾ കരാർ യാഥാർത്ഥ്യമായെന്നും, യാത്ര നിബന്ധനകളെക്കുറിച്ചുള്ള വിവരങ്ങളും ഗൾഫ് എയർ ട്രാവൽ ഏജന്റുമാരെ അറിയിച്ചിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ കരാർ സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. എങ്കിലും ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച വിവര കൈമാറിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൂചനയുണ്ട്.
കേരളത്തിൽ ഉൾപ്പെടെ ആയിരങ്ങളാണ് വിസ കാലാവധി കഴിയാറായിട്ടും ജോലി സ്ഥലങ്ങളിലേക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. പലരുടെയും വിസാ കാലാവധിയും അവസാനിച്ചു. നിലവിൽ സാധാരണ രീതിയിലുള്ള വിമാന സർവീസുകൾ തുടരാൻ സാധ്യതയില്ലാത്തതിനാൽ എയർ ബബിൾ കരാർ യാഥാർത്ഥ്യമായാൽ മാത്രമെ ഇവർക്ക് ജോലി സ്ഥലങ്ങളിലേക്ക് തിരികെയെത്താൻ സാധിക്കും. എന്നാൽ കരാർ സംബന്ധിച്ച അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് അവസാനമായി ലഭിച്ച ഔദ്യോഗിക വിവരം.