മനാമ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ബഹ്റൈന്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടായിരുന്നു കാബിനറ്റ് യോഗം. നിലവില്‍ ബഹ്റൈന്‍ സമൂഹം പ്രതിരോധ നടപടികളോട് കാണിക്കുന്ന പ്രതിബദ്ധതയെ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് യോഗത്തില്‍ പ്രശംസിച്ചു. വൈറസ് വ്യാപനം തടയുന്നതില്‍ ജനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, എന്‍ഡോവ്‌മെന്റ് കൗണ്‍സിലുകള്‍ എന്നിവയുടെ സഹകരണത്തിലൂടെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന് മന്ത്രിസഭ നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഇനി വരാനിരിക്കുന്ന മതപരവും സാമൂഹ്യപരവുമായ ആഘോഷ അവസരങ്ങളില്‍ ശ്രദ്ധിക്കേണ്ട നടപടികള്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സുടാന്‍ സര്‍ക്കാരുമായുള്ള സമാധാന കരാറില്‍ ഒപ്പിടാന്‍ മന്ത്രിസഭ തീരുമാനമെടുത്തു.
റെസിഡന്‍ഷ്യല്‍ ഏരിയകളുടെ സമീപത്തുള്ള വ്യാവസായിക, വാണിജ്യ മേഖലകളലെ വര്‍ക്ക് ഷോപ്പുകളുടെയും ഗ്യാരേജുകളുടെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ നിര്‍ദ്ദേശിച്ചിരുന്നു. അതിന് മറുപടിയായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി പരിശോധന ക്യാംപെയ്നുകളുടെ ഫലങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യോഗത്തില്‍ പിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ സിവില്‍ സര്‍വീസ് കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ സംഘടനാ ഘടനയില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി.