മനാമ: സര്‍ക്കാര്‍ സ്‌കൂള്‍ ഉദ്യോഗസ്ഥരെയും അധ്യാപകരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍. ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്ന പരിശോധന ക്യാംപയെനിലൂടെയാണ് ടെസ്റ്റ് നടത്തുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര എക്സിബിഷന്‍ സെന്ററിലും കോണ്‍ഫ്രന്‍സ് സെന്ററിലുമാണ് ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
സെപ്റ്റംബര്‍ 6 മുതലായിരുന്നു അധ്യാപകര്‍ക്ക് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതോടെ ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം സെപ്റ്റംബര്‍ 20തിലേക്ക് മാറ്റി. ഇതിലൂടെ അധ്യാപകരുടെയും ജീവനക്കാരുടെയും പരിശോധനകള്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നടത്താന്‍ സാധിക്കും.
ബുധനാഴ്ച്ച മുതല്‍ ഓരോ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും പരിശോധനയ്ക്ക് എത്തേണ്ട തീയതികള്‍ ചെറിയ ടെക്സ്റ്റ് സന്ദേശം വഴി ആരോഗ്യ മന്ത്രാലയം അറിയിക്കുന്നതായിരിക്കും. ഇത്തരത്തില്‍ തീരുമാനിച്ച പരിശോധനകളുടെ സമയവും തീയതിയും തിരക്കുകള്‍ കൂടാതെ സുഖമമായി പരിശോധനകള്‍ നടത്താന്‍ സഹായകമാകും എന്നും മന്ത്രാലയം വ്യക്തമാക്കി.