മനാമ: ബഹ്റൈനി പൗരന്മാര്‍ക്കിടയില്‍ കോവിഡ് രോഗവ്യാപന നിരക്ക് വര്‍ദ്ധിക്കുന്നു. നിലവിലെ പ്രതിദിന രോഗബാധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രവാസികളെക്കാള്‍ ഏറെ കൂടുതല്‍ രോഗബാധിതരായിരിക്കുന്നത് ബഹ്റൈന്‍ പൗരന്‍മാരാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് അടുത്ത് നടന്ന പല സാമൂഹിക ഒത്തുചേരലുകളെ തുടര്‍ന്നാണ് പൗരന്‍മാരില്‍ രോഗം കൂടാന്‍ കാരണം എന്നാണ് സൂചന. കഴിഞ്ഞ ആറ് ദിവസം കൊണ്ട് വലിയ തോതിലുള്ള വര്‍ധനവാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച്ച 626 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ചയോടെ അത് 662 ആയി ഉയര്‍ന്നു. 676 പേരാണ് ശനിയാഴ്ച്ച രാജ്യത്ത് രോഗബാധിതരായത്. 644 കേസുകള്‍ ഞായറാഴ്ച്ചയും 661 കേസുകള്‍ തിങ്കളാഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയോടെ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് 702 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിൽ പ്രതിദിനം നൂറിൽ താഴെ മാത്രമാണ് പ്രവാസികൾ ഉൾപ്പെടുന്നത്.
രോഗവ്യാപന നിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കാന്‍ ക്യാബിനെറ്റ് യോഗവും തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയിലേക്ക് കരുതലോടെ ജനങ്ങൾ എല്ലാവിധ ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽമനിയ വ്യക്തമാക്കി.