മനാമ: കൊവിഡ് വ്യാപനത്തിന്റെ തോത് കൂടി വരുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് എംപിമാര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത് വരെ സ്‌കൂളുകള്‍ തുറക്കരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റ് വനിതയും ബാല സമിതി അധ്യക്ഷയുമായ ഫാത്തിമ അല്‍ ഖതാരിയുടെ നേതൃത്വത്തിലാണ് ഈ പ്രസ്താവന മുന്നോട്ട് വെച്ചിരിക്കുന്നത്.
രാജ്യത്ത് 5 ദിവസത്തിനിടയില്‍ കൊവിഡ് കേസുകളില്‍ 75 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതിനാല്‍ എല്ലാവരും ആശങ്കയിലാണ് എന്ന് ഫാത്തിമ അല്‍ ഖതാരി പറഞ്ഞു. രണ്ടാഴ്ച്ചയെങ്കിലും സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. എല്ലാവരുടെയും സുരക്ഷയാണ് നിലവില്‍ ഏറ്റവും പ്രധാനമെന്നും ഫാത്തിമ അറിയിച്ചു.
അതേസമയം സെപ്റ്റംബര്‍ 6ന് പുനരാംഭിക്കാനിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 20തിലേക്ക് മാറ്റിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പുനരാരംഭിക്കുകയുള്ളു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.