കൊറോണ വൈറസിനെതിരായ ഇന്ത്യയിലെ വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഡ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് ഇനിയൊരു നിർദേശം ലഭിക്കുന്നത് വരെയാണ് മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടുള്ളത്. വിദേശരാജ്യങ്ങളിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മാത്രം മരുന്ന് പരീക്ഷണം തുടരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിജിഐ കഴിഞ്ഞ ദിവസം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി ആസ്ട്ര സെനേക്ക അമേരിക്കയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. അമേരിക്കയിൽ മരുന്ന് പരീക്ഷണം നിർത്തിവെച്ചിട്ടും ഇന്ത്യയിൽ മരുന്ന് പരീക്ഷണം തുടരാനുണ്ടായ സാഹചര്യം വിശദീകരിക്കണമന്നാണ് നോട്ടീസിൽ ഉന്നയിച്ചിട്ടുള്ള ആവശ്യം. അതേ സമയം പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് മറ്റ് രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിച്ചില്ലെന്നും വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും കാരണം കാണിക്കൽ നോട്ടീസിൽ ചോദിക്കുന്നുണ്ട്. ഇന്ത്യയിലെ 17 നഗരങ്ങളിലാണ് നിലവിൽ വാക്സിൻ പരീക്ഷണം നടന്നുവരുന്നത്.