മനാമ: ബഹ്റൈനില്‍ വീട്ടുജോലിക്കാരുടെ നിയമനങ്ങള്‍ സെപ്റ്റംബര്‍ 14ന് പുനരാംരംഭിക്കും. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റി(എല്‍.എം.ആര്‍.എ)യാണ് ഇക്കാര്യം അറിയിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയെടുത്ത തീരുമാനം അനുസരിച്ചാണ് ഈ നടപടി. നിയമനത്തിന് വേണ്ടി അതോറിറ്റി അംഗീകരിച്ച പ്രവാസി വീട്ടുജോലിക്കാരുടെ തൊഴില്‍ ഓഫീസുമായി ഏകോപിപ്പിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് എല്‍.എം.ആര്‍.എ അറിയിച്ചു.
കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെയും, രാജ്യത്തെ ജനങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം. അതിനാല്‍ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി നിയമനം സുഗമമാക്കുന്നതിന് ഇത് സഹായകമാകും എന്ന് എല്‍.എം.ആര്‍.എ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് ബോധവത്കരണ പരിപടികളുടെ പ്രാധാന്യവും എല്‍.എം.ആര്‍.എ എടുത്തു പറഞ്ഞു. രോഗവ്യാപനം കൂറയ്ക്കുക എന്നതായിരിക്കണം എല്ലാവരുടെയും ലക്ഷ്യം. അതിനാല്‍ അംഗീകാരം ലഭിക്കാത്ത ഏജന്‍സികളുമായി ബന്ധപ്പെടരുതെന്നും എല്‍.എം.ആര്‍.എ അറിയിച്ചു. കൂടാതെ അനധികൃത ഏജന്‍സികളില്‍ നിന്ന് മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതിനെതിരെയും എല്‍.എം.ആര്‍.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അംഗീകാരമുള്ള ഏജന്‍സികളുടെ പട്ടിക www.lmra.bh എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.