മനാമ: 42 വർഷക്കാലം ബഹ്റൈൻ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ നിര്യാതനായി. കണ്ണൂർ വളപട്ടണം സ്വദേശി പി.എം ഷഹീദ് (67) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. തുടർന്ന് കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ വളപട്ടണത്തെ വീട്ടിൽ എത്തി വൈകിട്ട് വീട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
ബഹ്റൈനിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ ജീവനക്കാരനായിരുന്നു. 60 ആം വയസിൽ വിരമിക്കൽ പ്രായം ആയെങ്കിലും ഷഹീദിനോടുള്ള താൽപര്യം കാരണം തുടർന്നും ജോലിയിൽ നിലനിർത്തുകയായിരുന്നു. 2014ൽ മികച്ച ജീവനക്കാരനുള്ള പുരസ്കാരം ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയിൽനിന്ന് ഏറ്റുവാങ്ങിയ വ്യക്തിത്വമായിരുന്നു ഷഹീദ്. കുടുംബം നാട്ടിലാണ്.
ഭാര്യ: റസിയ, മക്കൾ: നജിത, നാസിയ, നബീൽ
സഹോദരങ്ങൾ: പി.എം ഇബ്രാഹിം, പി.എം മുഹമ്മദ് റാഫി