ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും 90,000ത്തിന് മുകളില്‍ ആളുകള്‍ രോഗബാധിതരായതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇന്നലെ 97,570 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 46,59,985 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 77,472 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടത്. അതില്‍ ഇന്നലെ മരിച്ച 1,201 പേരും ഉള്‍പ്പെടുന്നു. 9,58,316 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 36,24,197 പേര്‍ രോഗമുക്തരായി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ രോഗികളില്‍ 48 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 24,886 പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,15,681 ആയി ഉയര്‍ന്നു. 442 പേരാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് മരണപ്പെട്ടത്. 28,724 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രയില്‍ 9,999 പേരും കര്‍ണാടകത്തില്‍ 9,464, പേരും 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരയി.
അതേസമയം കേരളത്തില്‍ ഇന്നലെ 2988 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1,02,254 ആയി ഉയര്‍ന്നു. 14 പേരാണ് ഇന്നലെ മരണപ്പെട്ടത്.