ജിദ്ദ: കോവിഡ്-19 വ്യാപനത്തോടെ അടച്ചിട്ട രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കാന്‍ സൗദി അറേബ്യ. 2021 ജനുവരി ഒന്നിന് രാജ്യം പ്രഖ്യാപിച്ചിരുന്ന യാത്ര നിരോധനമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സെപ്റ്റംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ഭാഗികമായി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനും പുറത്തേക്ക് പോകാനും നാളെ മുതല്‍ അനുവാദം ലഭിക്കും.
മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും തൊഴില്‍ റീഎന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയുള്ള വിദേശികളും ഉള്‍പ്പെടെയുള്ളവര്‍ നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. അതേസമയം രാജ്യത്തേക്ക് തിരികെയെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. 48 മണിക്കൂര്‍ മുന്‍പ് പരിശോധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഹാജരാക്കേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, ഔദ്യോഗിക ചുമതലകളില്‍ നിയോഗിക്കപ്പെട്ടവര്‍, വിദേശത്തുള്ള സൗദി നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാര്‍, അവരുടെ ആശ്രിതര്‍, വ്യവസായ പ്രമുഖര്‍, വിദേശ രാജ്യങ്ങളില്‍ ചികിത്സവേണ്ട രോഗികള്‍, സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് നാളെ മുതല്‍ ഏത് സമയത്തും രാജ്യത്തിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാം.
ഉംറ തീര്‍ത്ഥാടകരുടെ യാത്രനിരോധനം നീക്കുന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം പിന്നീടുണ്ടാകും. രാജ്യം പൂര്‍ണമായും തുറന്നാല്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന പ്രവാസികള്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിന് വഴിയൊരുങ്ങും. നിലവില്‍ നിരവധി പേര്‍ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ ജന്മനാടുകളില്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.