മനാമ: ബഹ്‌റൈന്‍-ഇസ്രായേല്‍-യുഎഇ സമാധാന കരാര്‍ ചരിത്രത്തിന് തുടക്കം കുറിക്കും. പരസ്പരം എംബസികള്‍ സ്ഥാപിക്കുകയും അംബാസഡര്‍മാരെ നിയമിക്കുകയും വ്യാപാരം, സുരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുകയും ചെയ്യും. ബഹ്‌റൈന്റെ നയതന്ത്ര തലത്തില്‍ സുപ്രധാന നീക്കമായിട്ടാണ് പുതിയ കരാറിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സെപ്റ്റംബർ 11നാണ് ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെടുന്ന കാര്യം ബഹ്‌റൈന്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ ആഗസ്റ്റ് 13ന് ഇസ്രായേലുമായുള്ള കരാര്‍ വിവരങ്ങള്‍ യു.എ.ഇ പുറത്തുവിട്ടിരുന്നു.
പുതിയൊരു മധ്യ പൂര്‍വേഷ്യയുടെ ഉദയമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറിനെ വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങിലായിരുന്നു ട്രംപിന്റെ പ്രസ്താവന. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ ഫോണിലൂടെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ചരിത്രപരമായ തീരുമാനം ഉണ്ടായത്. കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രിയാണ് പങ്കെടുത്തത്.
ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്‌റൈന്‍. ഈജിപ്തും ജോര്‍ഡനും നേരത്തേ തന്നെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഫലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ സമാധാനപരമായി അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ബഹ്‌റൈന്‍ നേരത്തെ തന്നെ നിലപാടറിയിച്ചിരുന്നു. കരാര്‍ ഫലസ്തീനി പൗരന്മാരോടുള്ള ബഹ്‌റൈന്റെ നിലപാടിനെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും ബഹ്‌റൈന്‍ വ്യക്തമാക്കിയിട്ടുണ്ട്.