മനാമ: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ഹിസ് എക്‌സലന്‍സി ജനറല്‍ റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി. നേരത്തെ ബഹ്‌റൈന്‍ കിരീടവകാശിയും ഉപ പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ആരോഗ്യ മന്ത്രി ഫഈഖ അല്‍ സലേ, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് ചെയര്‍മാന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, ധനകാര്യ, സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
ബഹ്‌റൈനില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ മൂന്നാം ക്ലിനിക്കല്‍ ട്രെയലിന്റെ ഭാഗമായി നാലായിരത്തിലധികം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ കുത്തിവെച്ചവരെ നിരന്തരം നിരീക്ഷണത്തിന് വിധേയരാക്കും.
ലോകത്തിലെ തന്നെ ആറാമത്തെ വലിയ വാക്‌സിന്‍ ഉത്പാദകരായ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണം വിജയകരമായാല്‍ വൈകാതെ തന്നെ വാക്‌സിന്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ബഹ്റൈന്റെ പ്രതിരോധ നടപടികള്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിനും വലിയ തോതിലുള്ള പിന്തുണയാണ് ബഹ്റൈന്‍ സമൂഹം നല്‍കിയത്. പരീക്ഷണത്തില്‍ സന്നദ്ധപ്രവര്‍ത്തകരാകാന്‍ രാജ്യത്തെ നിരവധി പൗരന്‍മാരും പ്രവാസികളും മുന്നോട്ട് വന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
HE Interior Minister volunteers in COVID-19 vaccine trial as part of 4Humanity Campaign pic.twitter.com/5R5d5R5A7h
— Ministry of Interior (@moi_bahrain) September 17, 2020