തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4531 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന രോഗബാധ നിരക്കിൽ ഏറ്റവും കൂടിയ നിരക്കാണ് ഇത്. രോഗം സ്ഥിരീകരിച്ചവരിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 351 കേസുകൾ ഉറവിടമറിയാത്തതാണ്. 71 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് പേരാണ് ഇന്ന് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്.
ഇന്ന് 820 പേർക്ക് തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 721 ഉം സമ്പർക്കം വഴിയാണ് രോഗം. ഉറവിടം വ്യക്തമല്ലാത്ത 83 പേരും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലസ്ഥാന ജില്ലയെ സംബന്ധിച്ച് രോഗനിയന്ത്രണപ്രവർത്തം ഏറെ ശക്തമാക്കിയെങ്കിലും വ്യാപനം കുറയുന്നില്ല. ആറ് ജില്ലകളിൽ മുന്നൂറിന് മുകളിലാണ് കൊവിഡ് കേസുകൾ. കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസർകോട് 319. തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രത്യേകത ഉറവിടം വ്യക്തമല്ലാത്ത കേസ് വർധിക്കുന്നുവെന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമാണ്. ഇന്നലെ 468 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 161 പേരും കോഴിക്കോട് നഗരപരിധിയിലുള്ളവരാണ്. ഇന്നത്തെ എണ്ണം 545 ആണ്. സമ്പർക്ക വ്യാപനം കൂടുതലുള്ളതും കോർപ്പറേഷനിലാണ്. സെൻട്രൽ മാർക്കറ്റ് ക്ലസ്റ്ററിൽ 180 പേർക്ക് രോഗം സ്ഥിരീകരിച്ചു. വടകര എടച്ചേരിയിലെ തണൽ അഗതിമന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് രോഗമുണ്ടായി. മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ന് 2737 പേർ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 45730 സാംപിളുകൾ പരിശോധിച്ചു.