കൊച്ചി: കേരളത്തില്‍ മഴ കനക്കുന്നു. മലയോര മേഖലകള്‍ അതീവ ജാഗ്രതയിലാണ്. ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ചില അണക്കെട്ടുകളും ഇന്ന് തുറന്നേക്കും.
മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നെയ്യാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും അരുവിക്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. കേരള ഷോളയാറും പെരിങ്ങല്‍ക്കുത്തും തുറന്നു. വയനാട് ബാണാസുര സാഗറും തുറക്കും. ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 80 ശതമാനത്തോളം വെള്ളം നിറഞ്ഞു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 125 അടിയായി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുഴയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ബന്ധുവിടുകളിലേക്ക് മാറി താമസിക്കണം.
കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ ലഭിച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം കൂടുതല്‍ ദിവസം ശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശത്ത് കടലാക്രമണം ഉണ്ടായേക്കും.