മനാമ: രണ്ടാഴ്ച്ചത്തേക്ക് കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ച് ബഹ്റൈന്‍ ഹെല്‍ത്ത് മിനിസ്ട്രി അണ്ടര്‍ സെക്രട്ടറി ഡോ. വാലീദ് ഖലീഫ അല്‍ മനീയ. രാജ്യത്ത് കഴിഞ്ഞ ദിവങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ഇനിയുള്ള രണ്ടാഴ്ച്ച വളരെ നിര്‍ണ്ണായകമാണെന്നും അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ വൈറസ് വ്യാപനത്തിന്റെ തോത് കൂട്ടും. അതിലൂടെ രോഗബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകുമെന്ന് ഡോ. വാലീദ് ഖലീഫ വ്യക്തമാക്കി. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ബഹ്റൈന്‍ രോഗ വ്യാപനം തടയുന്നതിനാവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് രാജ്യത്തിന്റെ പ്രധാന കര്‍ത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.