മനാമ: ബഹ്‌റൈനിലേക്ക് തിരികെയെത്താന്‍ ആയിരങ്ങള്‍ ഇനിയും കാത്തിരിക്കണം. എയര്‍ ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ നിന്ന് ഒക്ടോബറില്‍ നടത്തുന്ന സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒക്ടോബര്‍ അഞ്ച് മുതല്‍ 21 വരെയുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്കിംഗിന് ശ്രമിച്ച ആയിരങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാതെ നിരാശരാകേണ്ടി വന്നു.
‘പൊന്നുംവില’ നല്‍കിയാണ് മിക്കവരും ടിക്കറ്റ് സ്വന്തമാക്കിയത്. ഏകദേശം 196 ദിനാർ മുതൽ (38000ത്തിലധികം രൂപ) വലിയ തുകകളാണ് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്കായി പലര്‍ക്കും നല്‍കേണ്ടിവന്നത്. തിരുവനന്തപുരത്ത് നിന്ന് ഒക്ടോബര്‍ അഞ്ച്, 13 തീയതികളിലും കൊച്ചിയില്‍ നിന്ന് ആറ്, 19 തീയതികളിലും, കോഴിക്കോട് നിന്ന് ഏഴ്, 14 തീയതികളിലും കണ്ണൂരില്‍ നിന്ന് 21നുമാണ് സര്‍വീസുള്ളത്. മേല്‍പ്പറഞ്ഞ ഷെഡ്യൂളിലെ എല്ലാ വിമാനങ്ങളിലെയും ടിക്കറ്റുകളും വിറ്റുതീര്‍ന്നു കഴിഞ്ഞു.
എയർ ഇന്ത്യക്കും ഗള്‍ഫ് എയറിനും ആഴ്ചയില്‍ 650 യാത്രക്കാരെ വീതം കൊണ്ടുവരാനാണ് അനുമതിയുള്ളത്. ദിനംപ്രതി ഓരോ സര്‍വീസ് എന്ന നിരക്കിലാവും വിമാനങ്ങള്‍. എയർ ബബ്ൾ വരുന്നതിന് മുൻപ് തന്നെ പതിനായിരത്തോളം പേര്‍ കേരളത്തില്‍ നിന്ന് മാത്രം ബഹ്‌റൈനിലേക്ക് തിരികെയെത്താനായി കാത്തിരിക്കുന്നുണ്ട്. ഇതില്‍ 2000ത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ മടങ്ങിയെത്താന്‍ സാധിച്ചിരിക്കുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് മിക്ക പ്രവാസി കുടുംബങ്ങളും. ജോലിയില്ലാതെ മാസങ്ങള്‍ തള്ളി നീക്കി, ഇനിയും ജോലി സ്ഥലങ്ങളിലേക്ക് തിരികെയെത്താന്‍ സാധിച്ചില്ലെങ്കില്‍ ബഹുഭൂരിഭാഗം പേരും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. എയര്‍ബബ്ള്‍ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ തൊഴിലിടങ്ങളിലേക്ക് തിരികെയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാരായ പ്രവാസികള്‍ക്ക്. എന്നാല്‍ ഒരു പ്രവാസി തൊഴിലാളിക്ക് അപ്രാപ്യമായ പണം നല്‍കിയാലെ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്ന സ്ഥിതിയാണ്.