മനാമ: വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ചിലര്‍ ധനസമാഹരണം നടത്തുന്നതായി ഇന്ത്യന്‍ സ്‌കൂള്‍. വിദ്യാര്‍ഥികളെ സഹായിക്കാനെന്ന മട്ടില്‍ അനധികൃതമായി ധനസമാഹരണം നടത്തുന്നതായാണ് ആരോപണം. സ്‌കൂളുമായി ബന്ധമില്ലാത്ത വ്യക്തികള്‍ രസീത് നല്‍കാതെ പണം ശേഖരിക്കുന്നുവെന്നും ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. സ്‌കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം.
വിദ്യാര്‍ത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികള്‍ അനധികൃതമായി ധനസമാഹരണത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നതു ഇന്ത്യന്‍ സ്‌കൂളിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്‌കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. സ്‌കൂളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വ്യക്തികള്‍ രസീതുകള്‍ നല്‍കാതെ പണം ശേഖരിക്കുന്നു എന്നാണു മനസിലാക്കുന്നത്. ഈ വ്യക്തികളുടെ നിയമവിരുദ്ധ ഇടപാടുകള്‍ക്ക് ഇന്ത്യന്‍ സ്‌കൂളിനെ ഉത്തരവാദിയാവില്ല.
ശരിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇന്ത്യന്‍ സ്‌കൂളില്‍ ശരിയായ പരാതി പരിഹാര സംവിധാനം ഉണ്ട്. അത് എല്ലാ മാതാപിതാക്കളും പിന്തുടരണം. ഏതെങ്കിലും അഭ്യുദയകാംക്ഷികള്‍ അവരുടെ ചാരിറ്റബിള്‍ സംരംഭങ്ങളുടെയോ കോര്‍പ്പറേറ്റ് ഉത്തരവാദിത്തത്തിന്റെയോ ഭാഗമായി ഇന്ത്യന്‍ സ്‌കൂളിന് ഫണ്ട് സംഭാവന ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പ്രിന്‍സിപ്പലിനെയോ അക്കാദമിക് ടീമിനെയോ സമീപിക്കാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംഭാവന നല്‍കിയവര്‍ക്ക് സ്‌കൂള്‍ ശരിയായ രസീതുകള്‍ നല്‍കും.
അര്‍ഹരായ നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കമ്പ്യൂട്ടറുകളും ടാബുകളും നല്‍കുന്നത് ഉള്‍പ്പെടെ ആവശ്യമായ സാമ്പത്തിക സഹായം സ്‌കൂള്‍ നല്‍കുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷം ഫീസ് ഇളവ് നല്‍കി. കോവിഡ്-19ന്റെ ഈ സമയത്ത് കുട്ടികളുടെ പഠന സഹായത്തിനായി മാതാപിതാക്കളില്‍ നിന്ന് 1,500ലഅധികം അപേക്ഷകള്‍ സ്‌കൂളിന് ലഭിച്ചു. മാതാപിതാക്കളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും തെറ്റിദ്ധരിപ്പിച്ചു പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ബാധ്യസ്ഥരാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.