ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1085 പേര്‍ മരണപ്പെട്ടതോടെയാണ് ആകെ മരണം 90020 ആയി ഉയര്‍ന്നത്. കൂടാതെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 56,46,010 ആയി. ഇന്നലെ 83,347 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം 45,87,613 പേര്‍ രാജ്യത്ത് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 89746 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 9,68,377 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
സെപ്റ്റംബര്‍ 2 മുതല്‍ രാജ്യത്ത് എല്ലാ ദിവസവും 1000ത്തിന് മുകളില്‍ ആളുകളാണ് കൊവിഡിന് കീഴടങ്ങുന്നത്. രണ്ട് ദിവസമായി 90,000ത്തിന് താഴെയാണ് പ്രതിദിന രോഗബാധ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പരിശോധനകള്‍ കുറഞ്ഞതിനാലാണ് പ്രതിദിന രോഗബാധയില്‍ കുറവുണ്ടായതെന്നും സംശയമുണ്ട്. ശനിയാഴ്ച പന്ത്രണ്ട് ലക്ഷത്തിലേറെ സാംപിള്‍ പരിശോധിച്ചിടത്ത് തിങ്കളാഴ്ച 9.33 ലക്ഷം സാംപിള്‍ മാത്രമാണ് പരിശോധന നടത്തിയത് എന്ന് ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, ആന്ധ്രാ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധ നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. അതിന് പുറമെ ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.
അതേസമയം കേരളത്തില്‍ ഇന്നലെ 2910 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 18 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 553 ആയി ഉയര്‍ന്നു.