മനാമ: ഇന്ത്യന്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി യുപിപി. പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങള്‍ തെറ്റാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി ഒരു മാസത്തെ ടൃൂഷന്‍ ഫീസ് നല്‍കിയിരുന്നു. യു.പി.പി ഭാരവാഹികള്‍ മാത്രം ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്‌കാണ് കുട്ടികള്‍ക്ക് സാമ്പത്തികമായ സഹായം നല്‍കിയത്. പ്രതിഷേധങ്ങള്‍ കാരണം ബോര്‍ഡ് പരീക്ഷകള്‍ എഴുതേണ്ടുന്ന കുട്ടികളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കുവാന്‍ സ്‌കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായതിന്റെ ജാള്യതയുടെ പേരിലാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും യുപിപി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം.
കോവിഡ് വ്യാപന ഫലമായി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കളെ ഒരു മാനുഷിക പരിഗണയും ഇല്ലാതെയാണ് ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ നിന്നും ഒഴിവാക്കിയത്. പത്തും പന്ത്രണ്ടും ക്‌ളാസുകളില്‍ പഠിക്കുന്ന അടുത്ത ബോര്‍ഡ് പരീക്ഷകള്‍ എഴുതുതേണ്ടുന്ന കുട്ടികള്‍ക്ക് കൂടി ആദ്യം ക്‌ളാസുകള്‍ നിഷേധിക്കുകയാണുണ്ടായത്. രക്ഷിതാക്കളോടൊപ്പം ചേര്‍ന്നുള്ള യു പി പിയുടെ പ്രതിഷേധങ്ങള്‍ കാരണം ബോര്‍ഡ് പരീക്ഷകള്‍ എഴുതേണ്ടുന്ന കുട്ടികളുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കുവാന്‍ സ്‌കൂള്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായതിന്റെ ജാള്യതയുടെ പേരിലാണ് ഇപ്പോള്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുന്നത്.
തുച്ഛമായ തുക ഫീസ് കുടിശ്ശികയുള്ള കുട്ടികളെ കോവിഡ് കാലഘട്ടത്തിന്റെ പരിഗണന പോലും നല്‍കാതെ പൊടുന്നനെ ഓണ്‍ലൈന്‍ ക്‌ളാസ്സില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് സഹായമായി ഒരു മാസത്തെ ടൃൂഷന്‍ ഫീസ് കൊടുക്കൊമെന്ന രീതിയില്‍ യു.പി.പി ഭാരവാഹികള്‍ മാത്രം ഉള്‍പ്പെടുന്ന ഹെല്‍പ്പ് ഡെസ്‌ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി.
2019ല്‍ സ്വന്തം കുട്ടിയുടെ ഫീസടക്കാന്‍ കഴിയാതെ പരീക്ഷയ്ക്കിരുത്തില്ല എന്ന് സ്‌കൂളില്‍ നിന്നും അറിയിപ്പ് കിട്ടിയപ്പോള്‍ ജീവനൊടുക്കിയ ഒരു പാവം രക്ഷിതാവിന്റെ ദുര്‍ഗതി ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന മുഴുവന്‍ സഹായവും സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ യു.പി.പിയെന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭീഷണിപ്പെടുത്തിയും അസത്യ പ്രചരണങ്ങള്‍ നടത്തിയും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇരിക്കുന്ന സഥാനത്തിന്റെ മഹത്വമെങ്കിലും ഓര്‍ക്കേണ്ടതുണ്ട്.
രക്ഷിതാക്കളാല്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റി വിഷമഘട്ടം വരുമ്പോള്‍ രക്ഷിതാക്കളെ സഹായിക്കുന്നതിന് പകരം അവര്‍ക്ക് ഇരുട്ടടിയെന്നോണം കുടിശ്ശിക വന്ന ഫീസിന്റെ കാര്യത്തില്‍ അവിചാരിതമായെടുത്ത ഒട്ടും നീതിപൂര്‍വ്വമല്ലാത്ത നടപടിയുടെ സാഹചരൃത്തിലാണ് യു.പി.പി ഭാരവാഹികള്‍ തങ്ങളാല്‍ കഴിയുന്ന സഹായം പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കാനൊരുങ്ങിയത്. അതിനെ പണപിരിവായി ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ കൃത്യമായി ജോലിയോ വേതനമോ കിട്ടാതെ പ്രയാസപ്പെടുന്ന ഒരു രക്ഷിതാവിന്റെ വിഷമത്തെ പുച്ഛത്തോടെ കാണുന്നവരാണ്.
പ്രത്യേക താല്‍പരൃങ്ങളൊന്നുമില്ലാതെ ഏത് വൃക്തിയും സംഘടനയും പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരു സാഹചരൃമാണ് ഇന്ന് ലോകത്ത് മുഴുവന്‍ നിലനില്‍ക്കുന്നത്. സ്‌കൂളില്‍ അപേക്ഷ കൊടുത്തിട്ടും ബന്ധപ്പെട്ട പലരോടും കേണപേക്ഷിച്ചിട്ടും ഒരു ഇളവും കിട്ടാതെ ഓണ്‍ലൈന്‍ ക്‌ളാസ്സില്‍ നിന്നും നിര്‍ദാക്ഷിണ്യം പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി രക്ഷിതാക്കള്‍ക്ക് കൈതാങ്ങാന്‍ തീരുമാനിച്ചതിന്റെ പേരില്‍ നിയമ നടപടിയെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുന്നത് സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത മനസ്സുകളുടെ ജല്‍പനങ്ങളായി മാത്രമേ കാണാനാവൂ എന്ന് യു.പി.പി.നേതാക്കള്‍ പറഞ്ഞു.
സ്‌കൂള്‍ കമ്മറ്റിയുടെ ഈ അനീതിക്കെതിരെ ബന്ധപ്പെട്ട ആളുകള്‍ക്ക് യു.പി.പി. പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷംതോറും മെഗാ ഫെയര്‍ നടത്തി രക്ഷിതാക്കള്‍ക്ക് മുന്‍പിലോ ജനറല്‍ ബോഡിയിലോ ഇത് വരെ ഒരു ഫില്‍സിന്റെ കണക്കു പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലക്ഷകണക്കിന് ദിനാര്‍ കൊണ്ട് പാവപ്പെട്ട രക്ഷിതാക്കളെ സഹായിക്കാമായിരുന്നിട്ടും അവരുടെ കുട്ടികളെ ക്‌ളാസ്സില്‍ നിന്നും പുറത്താക്കുകയാണൂണ്ടായത്. ഈ കഴിവു കേടിനെതിരെ യു.പി.പി നടത്തിയ മുന്നേറ്റത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായതിന്റെ ജാളൃത മറക്കാന്‍ ഭീഷണിയുടേയും അപകീര്‍ത്തിപ്പെടുത്തലിന്റേയും വഴി സ്വീകരിക്കുന്നത് മാന്യതയുള്ള ഒരു കമ്മറ്റിക്ക് ചേര്‍ന്നതല്ല.
ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് നല്‍കിയെന്ന് നിരന്തരം വീമ്പ് പറയുന്നവര്‍ സ്‌കൂള്‍ വെബ് സൈറ്റിലെങ്കിലും അതിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും യു.പി.പി നേതാക്കള്‍ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇനിയും ഇടപെടുകയും വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും യു പി പി ഭാരവാഹികള്‍ പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗത്ത് നിരന്തരം ഉണ്ടാകുന്ന ക്രമക്കേടുകളും പോരായ്മകളും വെളിച്ചത്തുകൊണ്ട് വന്നാല്‍ ഭീഷണിയുടെ സ്വരം തുടക്കം മുതലേ ഉപയോഗിക്കുവാനാണി കമ്മറ്റി ശ്രമിച്ചുപോരുന്നത്.