മനാമ: ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമായിട്ടും ബഹ്‌റൈന്‍ പ്രവാസികളുടെ യാത്രാദുരിതങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് ബഹറൈന്‍ കേരളീയ സമാജം കേരള സര്‍ക്കാറിന് നിവേദനമയച്ചു. പ്രശ്‌ന പരിഹാരങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.
നിവേദനത്തിന്റെ പകര്‍പ്പ്
കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ഗള്‍ഫിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള വിമാനയാത്രാ പ്രതിസന്ധി ബഹറൈന്‍ മലയാളികളുടെ മാതൃസംഘടന എന്ന നിലയില്‍ സമാജത്തിന് കേരള സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ കഴിഞ്ഞിരുന്നു. അനുകൂലമായ പല സൗകര്യങ്ങളും ചെയ്ത് തന്നതിന് നന്ദി രേഖപ്പെടുത്തുന്നു.
ബദല്‍ സംവിധാനമായി നടത്തിയിരുന്ന ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകള്‍ വഴി നാട്ടിലേക്ക് 3300 പേരേയും തിരിച്ച് ബഹറൈനിലേക്ക്, വിസ തീരുന്നവരും അടിയന്തിരമായി ജോലിയില്‍ തിരിച്ച് പ്രവേശിക്കേണ്ടവരുമായ 1600 ഓളം വിദേശ മലയാളികളെ കൊണ്ടു വരാനും കഴിഞ്ഞിരുന്നു.
എന്നാല്‍ ബബിള്‍ കരാര്‍ വന്നതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വ്വീസ് നിറുത്തി വെക്കുന്നതായി എയര്‍ലൈന്‍ കമ്പനികള്‍ അറിയിച്ചിരുന്നു.
പകരം വന്ന കമേഴ്‌സല്‍ സര്‍വ്വീസുകളില്‍ യാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിക്കുകയും ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമല്ലാത്ത സ്ഥിതി വന്നിരിക്കുകയുമാണ്. അടുത്ത ദിവസങ്ങളില്‍ വിസ തിരാനിരിക്കുന്നവരും അടിയന്തിരമായി ജോലിക്ക് പ്രവേശിക്കേണ്ടവരുമായ നിരവധി ആളുകള്‍ നാട്ടില്‍ കുടുങ്ങി കിടക്കുകയാണ്. ഇത്തരം അടിയന്തിര പരിഗണനകള്‍ പരിഗണിച്ചാണ് സമാജം ചാര്‍ട്ടേഡ് വിമാന സര്‍വ്വീസുകള്‍ നടത്തിയിരുന്നത്.
ബഹറൈനിലെ നോര്‍ക്ക ഓഫിസ് പ്രവര്‍ത്തിക്കുന്ന കേരളീയ സമാജം ഇത്തരം അടിയന്തിര പ്രാധാന്യമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചു വരവ് വിമാന കമ്പനികളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ കൂടുതല്‍ സമഗ്രമായ ലിസ്റ്റ് നല്‍കാന്‍ സമാജം തയ്യാറാണ്.
വിസ തീരുന്നവരുടെയും ജോലി നഷ്ടപ്പെടുന്നവരുടെയും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട സാമ്പത്തികമായ ബെനിഫിറ്റുകളെ കൂടി വിമാന സര്‍വ്വീസുകളുടെ അപര്യാപ്തത ബാധിക്കുന്നുണ്ട്. മേല്‍ അവതരിപ്പിച്ച വിഷയങ്ങളില്‍ സത്വര നടപടികള്‍ അപേക്ഷിക്കുന്നു.