“ഞാൻ മരിക്കുംമുമ്പേ എന്റെ മകൾ മരിക്കണം” ഒരു അമ്മയുടെ ദൈന്യതയുടെ ആഴം വെളിവാക്കുന്ന ഈ വാക്കുകൾ ഒരുപാട് മനസ്സുകളുടെ ഉറക്കം കെടുത്തിയിരുന്നു. ഓട്ടിസവും അമിതമായ വിശപ്പും മൂലം ബുദ്ധിമുട്ടുന്ന പതിനാല് വയസുള്ള മകളുമായി വാടകവീട്ടിൽ കഴിയുന്ന എരമംഗലം സ്വദേശി ബിന്ദുവിന്റെ ഈ വാക്കുകൾ മനസ്സ് മരവിക്കാത്ത ഒരുപാട് മനുഷ്യ മനസുകളെ അത്രമേൽ ആഴത്തിലാണ് അസ്വസ്ഥമാക്കിയിരുന്നത്. ചികത്സയില്ലാത്ത അപൂർവ രോഗം മൂലം ബുദ്ധിമുട്ടുന്ന മകളെ, അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കണമെന്ന ആഗ്രഹം പങ്കുവച്ച ആ അമ്മ മനസിനെ കൈവിടാൻ, ‘പ്രതീക്ഷ ബഹ്‌റൈൻ’ (HOPE) എന്ന കൂട്ടായ്മയ്ക്ക് മനസ്സ് വന്നില്ല. സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യപടിയായി ഇതിനോടകം അഞ്ച് സെന്റ് വസ്തുവിനുള്ള തുക കണ്ടെത്തുന്നതിൽ, മറ്റു നന്മമനസുകൾക്കൊപ്പം പ്രതീക്ഷയുടെ RS. 122,142 ( ഒരു ലക്ഷത്തി ഒരുനൂറ്റി നാല്പത്തിരണ്ട്‍ രൂപ) സഹായമായി. തുക ഗോപികയുടെ കുടുംബത്തെ സഹായിക്കാൻ രൂപീകരിച്ച കമ്മറ്റിയുടെ സാന്നിധ്യത്തിൽ, പ്രതീക്ഷയുടെ പ്രതിനിധിയായി ശ്രീ. സാബു ചിറമേൽ, ഗോപികയുടെ അമ്മയ്ക്ക് കൈമാറി.
കൂടാതെ വീട് സന്ദർശിച്ച് ആ മകളുടെ അവസ്ഥ നേരിട്ട് മനസിലാക്കുകയും, കുടുംബത്തിന് വേണ്ട മാനസീക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്തു.
കഴിഞ്ഞ നാല് വർഷമായി ബഹ്‌റൈനിലെ ആശുപത്രികളും ജയിലുകളും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ‘പ്രതീക്ഷ’ (HOPE) യുടെ പ്രവർത്തനങ്ങൾക്ക് കൈകോർക്കുന്ന എല്ലാ നല്ല മനസുകൾക്കും നന്ദി അറിയിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. തലയിലെ ഞരമ്പ് പൊട്ടി ശരീരം തളർന്നു സൽമാനിയ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും തുടർചികിത്സയ്ക്ക് നാട്ടിലയയ്ക്കുകയും ചെയ്ത, കണ്ണൂർ സ്വദേശി വിനോദ് എന്ന സഹോദരന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ കൂട്ടായ്‌മയുടെ പ്രവർത്തകർ.