മനാമ: ലോകത്തിലെ മലയാള നാടക പ്രവര്‍ത്തകരുടെയും, നാടക പ്രേമികളുടെയും ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകളും(എല്‍എന്‍വി) ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിംഗും സംയുക്തമായി ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം സംഘടിപ്പിക്കുന്നു. ലോകത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് യുവജനോത്സവം ക്രമീകരിച്ചിരിക്കുന്നത്.
എല്‍.പി., യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍, പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുപ്പതോളം വ്യക്തിഗത ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ മത്സരത്തില്‍ സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ മുപ്പതോളം മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാഹിയുള്‍പ്പെടെ കേരളത്തില്‍ പതിനഞ്ച് സോണുകളിലും, ബഹ്റൈന്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളില്‍ ആദ്യഘട്ട മത്സരവും ശേഷം ഈ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഗ്രാന്റ് ഫൈനലിലും മത്സരിക്കും. ബഹ്‌റൈന്‍ കേരളീയ സമാജം അംഗം പിഎന്‍ മോഹന്‍ രാജ് ചെയര്‍മാനും മലയാള നാടക ചലച്ചിത്ര സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ് ജനറല്‍ കണ്‍വീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നല്‍കുന്നത്.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, പേട്രന്‍സ് കമ്മിറ്റി കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി, ചില്‍ഡ്രന്‍സ് കമ്മിറ്റി പ്രസിഡന്റ് നന്ദു അജിത്, സെക്രട്ടറി റാണിയാ നൗഷാദ് എന്നിവരാണ് ഇക്കാര്യം വാര്‍്ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായാണ് യുവജനോത്സവം നടത്തപ്പെടുക. മത്സര നിബന്ധനകള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോമിനും +971 50 200 9293, +971 50 661 0426, +971 50 891 1292 എന്നീ വാട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്, രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 10 ആയിരിക്കും.