ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 58,18,571 ആയി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,141 പേര്‍ കൂടി ഇന്നലെ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ ഔദ്യോഗിക കൊവിഡ് മരണസംഖ്യ 92,290 ആയി ഉയര്‍ന്നിട്ടുണ്ട്. 9,70,116 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം 47,56,165 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 81.74 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്നലെ മാത്രം രാജ്യത്ത് 14,92,409 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 6,89,28,440 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ പ്രധാന കൊവിഡ് കേന്ദ്രങ്ങള്‍. അതേസമയം രോഗമുക്തി നിരക്ക് കൂടുതല്‍ ഉള്ളതും ഇതേ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ 19,164 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 24 മണിക്കൂറില്‍ 7,855 പേരും രോഗബാധിതരായി.
അതേസമയം കേരളത്തില്‍ ഇന്നലെ 6324 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ആറായിരത്തിന് മുകളില്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 21 പേര്‍ കൂടി മരണപ്പെട്ടതോടെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 613 ആയി ഉയര്‍ന്നു.