ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യം അന്തരിച്ചു. ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 1:04 ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് രാവിലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സഹോദരി ഉള്‍പ്പടെയുള്ള ഉറ്റ ബന്ധുക്കള്‍ ആശുപത്രിയിലുണ്ട്.
ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹം കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിത്സയില്‍ തുടരുകയായിരുന്നു. വിദേശ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ ഉപദേശം തേടിയെങ്കിലും ഫലമുണ്ടായില്ല. ആരാധകര്‍ മരണവാര്‍ത്തയറിഞ്ഞ് എംജിഎം ആശുപത്രിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പുറത്തുവരും.
ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത ഗായകനെന്നാണ് എസ്പിബി അറിയപ്പെട്ടിരുന്നത്. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.
ശങ്കരാഭരണം (1979തെലുങ്ക്), ഏക് ദൂജേ കേലിയേ (1981ഹിന്ദി), സാഗര സംഗമം (1983തെലുങ്ക്), രുദ്രവീണ (1988തെലുങ്ക്), സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995കന്നഡ), മിന്‍സാര കനവ് (1996തമിഴ്) എന്നീ ഗാനങ്ങള്‍ക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിംഫെയര്‍ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. സാവിത്രിയാണ് ഭാര്യ. മക്കള്‍: പല്ലവി, എസ്.പി.ബി ചരണ്‍.