മനാമ: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈന്‍ പ്രവാസി സംഘടനകള്‍. കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.എം.സി.സി ബഹ്റൈന്‍, ഐമാക് കൊച്ചിന്‍ കലാഭവന്‍,ഐ വൈ സി സി ദേശീയ കമ്മറ്റി, ഇന്‍ഡക്‌സ് ബഹ്റൈന്‍, പീപ്പിള്‍സ് ഫോറം ബഹ്‌റൈന്‍,മുഹറക്ക് മലയാളി സമാജം, വീ കെയര്‍ ഫൗണ്ടേഷന്‍, ഫ്രന്റ്‌സ് സോഷ്യല്‍ സോഷ്യല്‍ അസോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ എന്നിവര്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
എസ്.പി.ബി പകരം വെക്കാനില്ലാത്ത സംഗീതജ്ഞനാണെന്നും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. ആസ്വാദകര്‍ക്കും ലോകത്തിനും ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഓര്‍മ്മയായത്. സംഗീതപാരമ്പര്യമൊന്നുമില്ലാതെ സംഗീത ലോകത്തെത്തിയ എസ്.പി.ബി തന്റെ സുന്ദരശബ്ദത്തിലൂടെ ആസ്വാദക ലോകത്തേക്ക് പരന്നൊഴുകുകയായിരുന്നുവെന്നും കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യൻ സംഗീത ലോകത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ ഉണ്ടായത്. പകരം വെയ്ക്കുവാനില്ലാത്ത ഒരു പ്രതിഭ ആയിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിലൂടെ ഐ വൈ സി സി ഭാരവാഹികളായ അനസ് റഹീം,എബിയോൺ അഗസ്റ്റിൻ,നിധീഷ് ചന്ദ്രൻ എന്നിവർ അറിയിച്ചു
ഗായകൻ എന്നതിൽ ഉപരി നടനും സംഗീത സംവിധായകനും ഒക്കെയായി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്ന അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തിൽ മുഹറക്ക് മലയാളി സമാജം പ്രസിഡൻറ് അനസ് റഹിം, സെക്രട്ടറി സുജ ആനന്ദ്, ട്രഷറർ പ്രമോദ് കുമാർ എന്നിവർ അറിയിച്ചു
സംഗീതലോകത്തെ ഇതിഹാസമായിരുന്ന, എസ് പി ബി എന്ന മുന്നക്ഷരത്തില്‍ ജനഹൃദയങ്ങളില്‍ സംഗീതംകൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച അതുല്യപ്രതിഭയാണെന്ന് ഐമാക് കൊച്ചിന്‍ കലാഭവന്‍ അനുശോചന കുറിപ്പില്‍ വ്യക്തമാക്കി. തന്റെ സ്വരമാധുര്യം കൊണ്ടും ആലാപന വൈഭവം കൊണ്ടും സംഗീതപ്രേമികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനം പിടിച്ച പ്രിയ ഗായകന്റെ വിയോഗം സംഗീതലോകവും, സംഗീത പ്രേമികളും ഞെട്ടലോടെയാണ് അറിഞ്ഞത്. പകരം വെക്കാനില്ലാത്ത പ്രഗല്ഭനായ പ്രതിഭയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്നും ആത്മാവിന് നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പീപ്പിള്‍സ് ഫോറം ബഹറൈന്‍ അനുശോചിച്ചു.