ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 70,589 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടയാണ് രോഗികളുടെ എണ്ണം 61,45,292 ആയി ഉയര്‍ന്നത്. ഇന്നലെ 776 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ ഔദ്യോഗിക മരണ നിരക്ക് 96,318 ആയി. നിലവില്‍ 9,47,576 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
രജ്യത്തെ രോഗമുക്തി നിരക്ക് 83.01 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 51,01,397 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുമ്പോള്‍ രോഗമുക്തി നിരക്കിലെ വര്‍ധനവ് ആശ്വാസ വാര്‍ത്തയാണ്. അണ്‍ലോക്ക് 4ന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് 5ന്റെ മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം കേരളത്തില്‍ ഇന്നലെ 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 പേര്‍ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 697 ആയി ഉയര്‍ന്നു.