കൊച്ചി: ഐ.ഐ.എഫ്.എല്‍. വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാമത്. 42 ,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. ധനികരില്‍ 22,400 കോടി രൂപയുടെ ആസ്തിയുമായി (ജെംസ് എഡ്യൂക്കേഷന്‍ ) സണ്ണി വര്‍ക്കിയും, 20,400 കോടി രൂപയുടെ ആസ്തിയുമായി ബൈജു രവീന്ദ്രന്‍ & ഫാമിലിയും (തിങ്ക് &ലേണ്‍ ) രണ്ടും മൂന്നും സ്ഥാനക്കാരാണ്.
ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ തൊഴില്‍ ദാതാക്കളിലും ലുലു ഗ്രൂപ്പ് മുന്‍നിരയിലുണ്ട്. പതിനായിരങ്ങളാണ് ലുലു ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി തൊഴിലെടുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലുലു മാള്‍ വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം ഇന്ത്യയിലെ ധനികരില്‍ ഒമ്പതാം തവണയും മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയതും അംബാനി തന്നെയാണ്. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ചിൽ ഓരോ 60 മിനിറ്റിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ വീതമായിരുന്നു. ഹിന്ദുജ സഹാദരൻമാരും, എച്ച്‍സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. 1,43,700 കോടി രൂപ 1,41,700 കോടി രൂപ എന്നിങ്ങനെയാണ് സമ്പാദ്യം.