മനാമ: കഴിഞ്ഞ മാസം ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട കൊല്ലം, പുനലൂർ സ്വദേശി ജയപ്രകാശിന്റെ കുടുംബത്തിന് ഹോപ്പ് ബഹ്‌റൈൻ സഹായധനം കൈമാറി. അംഗങ്ങളിൽ നിന്നും, മറ്റ് അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച RS 1,98,098.50 (ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരത്തി തൊണ്ണൂറ്റിയെട്ട് രൂപ) യാണ് സഹായം നൽകിയത്. ഫ്ലെക്സി വിസയിൽ നിന്നുകൊണ്ട് ജോലിചെയ്യുന്നതിനിടയിലാണ് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജയപ്രകാശ്, ഹൃദയസ്‌തംഭനം മൂലം പെട്ടെന്ന് മരണപ്പെട്ടത്. കൊറോണ സാഹചര്യവും, സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം, ബോഡി ബഹ്‌റൈനിൽ തന്നെ അടക്കം ചെയ്‌തിരുന്നു. നാട്ടിൽ ഭാര്യയും, മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുമാണുള്ളത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന ഈ കുടുംബത്തിന്റെ അവസ്ഥ ബോധ്യപ്പെട്ട ഹോപ്പ് അംഗങ്ങൾ, ഇദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. സമാഹരിച്ച തുക ജയപ്രകാശിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. ഈ കോവിഡ് പ്രതിസന്ധിയിലും രണ്ട് ലക്ഷത്തോളം രൂപ സഹായമെത്തിക്കാൻ സഹകരിച്ച എല്ലാ അംഗങ്ങളോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.