മനാമ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151മത് ജന്മദിനം ലോക അഹിംസാ ദിനമായി ആചരിക്കുന്ന തിന്റെ ഭാഗമായി ഐ വൈ സി സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തനം ആണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം എന്ന് പഠിപ്പിച്ച ഗാന്ധിജിയുടെ പ്രവർത്തന ശൈലി പിന്തുടർന്ന് വിവിധ സാമൂഹിക മേഖലയിൽ ഐ വൈ സി സിയുടെ പ്രവർത്തനം ശ്ലാഖനീയം ആണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി ജോൺ അഭിപ്രായപ്പെട്ടു. ഐ വൈ സി സി പ്രസിഡന്റ് അനസ് റഹീം അധ്യക്ഷനായ പരിപാടിയിൽ ഐ ഓ സി ബഹ്റൈൻ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ആശംസകൾ നേർന്നു.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ പ്രസക്തി വർദ്ധിച്ചു വരികയാണ്, ഗാന്ധിയൻ സിദ്ധാന്തങ്ങൾ പിന്തുടരുക എന്നതാണ് ഇന്ന് ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം, വർഗീയ ഫാസിസ്റ്റ് നിലപാടുകളിലൂടെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ മുന്നോട്ട് പോകുന്നത്, അതിൽ നിന്ന് ഇന്ത്യൻ ജനതക്ക് മോചനം നേടണമെങ്കിൽ മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങൾ പിന്തുടരുക മാത്രമാണ് പോംവഴി എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണം പാലിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ അദ് ലിയയിൽ വെച്ച് നടന്ന പരിപാടിയിൽ ഐ വൈ സിസി ഹെൽപ് ഡെസ്കുമായി ചേർന്ന് ഒരു മാസം നീണ്ട് നിന്ന മെഡിക്കൽ ക്യാമ്പിന് അവസരം ഒരുക്കിയ ഹിലാൽ ഹോസ്പിറ്റൽ അദ് ലിയ മാനേജ്മെന്റ്നും സ്റ്റാഫ്നുമുള്ള ഐ വൈ സി സിയുടെ മൊമൻ്റോ കൈമാറി. ചടങ്ങിൽ ബഹ്റൈൻ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ ഐ വൈ സി സി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ, ഹോസ്പിറ്റലിൽ പ്രതിനിധി ലിജോ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ വൈ സി സി ജോയിൻറ് സെക്രട്ടറി സന്തോഷ് സാനി സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും അർപ്പിച്ചു.