ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 72,049 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 6757131 ആയി ഉയര്‍ന്നത്. 986 പേര്‍ ഇന്നലെ രാജ്യത്ത് മരണപ്പെട്ടു. ഇതോടെ കൊവിഡ് മരണസംഖ്യ 104555 ആയി. രാജ്യത്ത് 907883 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നു. 57,44,694 പേര്‍ രോഗമുക്തരായി.
11,99,857 പേരുടെ സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ 8,22,71,654 സാംപിളുകളാണ് പരിശോധിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ 12,258 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍ 9,993 പേര്‍ക്കും, തമിഴ്നാട്ടില്‍ 5,017 പേര്‍ക്കും, ആന്ധ്രയില്‍ 5,795 പേര്‍ക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.
അതേസമയം കേരളത്തില്‍ ഇന്നലെ 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ കൂടി സംസ്ഥാനത്ത് മരണപ്പെട്ടതോടെ കൊവിഡ് മരണസംഖ്യ 884 ആയി ഉയര്‍ന്നു.