മനാമ: കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബഹ്‌റൈന്‍. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണ് പ്രധാനം. ഇത് നിലനിര്‍ത്താനാവശ്യമായ കര്‍ശന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് യോഗം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി നടപടികള്‍ ശക്തമാക്കാനാണ് യോഗം തീരുമാനം.ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ബഹ്‌റൈനില്‍ 25000ത്തിലധികം മാസ്‌ക് ധരിക്കാത്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം ഇത്തരം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
കുവൈറ്റ് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിനും അറബ്, ഇസ്‌ലാമിക ലോകത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണെന്ന് യോഗം അനുസ്മരിച്ചു. അസ്സബാഹ് കുടുംബത്തിന്റെയും കുവൈറ്റ് ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും യോഗം അറിയിച്ചു.