മനാമ: ബഹ്റൈനില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 25,596 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സായിദാണ് ഈ വിവരം അറിയിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനാല്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നതിന്റെയും, സാമൂഹ്യ അകലം പാലിക്കുന്നതിന്റെയും പ്രാധാന്യം അറിയുക്കുന്നതിന് വിവിധ ഡിപ്പാര്‍ട്മെന്റുകള്‍ 3208 ബോധവത്കരണ ക്യാംപയിനുകള്‍ നടത്തി. രോഗവ്യാപനം തടയുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണമെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
1561 പേര്‍ക്കെതിരെ സാമൂഹ്യ അകലം പാലിക്കാത്തതിനും, 6360 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിനും നോര്‍ത്തേണ്‍ ഗവര്‍ണ്ണറേറ്റ് കേസെടുത്തു. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റില്‍ മാസ്‌ക്ക് ധരിക്കാത്ത 4554 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാത്ത 2388 പേരും, മാസ്‌ക്ക് ധരിക്കാത്ത 364 പേരും സതേണ്‍ ഗവര്‍ണ്ണറേറ്റില്‍ അറസ്റ്റിലായി. പബ്ലിക് സെക്യൂരിറ്റി പ്രസിഡന്‍സി 5195 പേര്‍ക്കെതിരെയാണ് മാസ്‌ക്ക് ധരിക്കാത്തതിന് കേസെടുത്തത്. മാസ്‌ക്ക് ധരിക്കാത്ത 97 കേസുകള്‍ ജനറല്‍ ഗവര്‍ണ്ണറേറ്റിലും രജിസ്റ്റര്‍ ചെയ്തു