മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയിൽ വിരമിച്ച മുരളി ആർ കർത്തയ്ക്ക് യാത്രയയപ്പ് നൽകി സാമൂഹിക പ്രവർത്തകർ. ഒക്ടോബർ 8ന് സ്വദേശമായ മുംബൈയിലേക്ക് മടങ്ങുന്ന മുരളി ആർ കർത്തയ്ക്ക് സാമൂഹ്യ പ്രവർത്തകരുടെ സ്‌നേഹോപഹാരം കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ കൈമാറി. പ്രവാസി ഇന്ത്യക്കാർ ഗുണകരമായ ഏറെ സേവനങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുള്ള വ്യക്തിയാണ് മുരളി ആർ. എന്ന് സുബൈർ കണ്ണൂർ പറഞ്ഞു.
ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് മുരളി ആറിന്റേത്. ഔദ്യോഗികമായ സേവന മുഖം എന്നതിനപ്പുറം സ്‌നേഹത്തിന്റെയും കരുണയുടെയുടെയും വടവൃക്ഷമായാണ് അദ്ദേഹത്തിനെ സമീപിച്ച ഓരോ സാമൂഹ്യ പ്രവർത്തകനും തോന്നിയിട്ടുള്ളത്. ആ കൈകളിൽ പ്രതീക്ഷയോടെ എല്പിക്കപ്പെട്ട ഒരു കടലാസും പരിഹാരം കാണാതെ തിരികെ ലഭിച്ചിട്ടില്ലെന്നും സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിച്ചു.
ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ കെ.ടി.സലീം, നിസാർ കൊല്ലം, ശ്രീജിത് പി, നജീബ് കടലായി, ലത്തീഫ് മരക്കാട്ട് , ഹാരിസ് പഴയങ്ങാടി, റഷി കണ്ണങ്കോട്, അൻവർ കണ്ണൂർ, നൗഷാദ് പൂനൂർ, സൈനുൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, മൻസൂർ കണ്ണൂർ, നജീബ് കണ്ണൂർ എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.