മനാമ: സന്നദ്ധ സേവനത്തിനുള്ള ശൈഖ് ഈസ ബിന്‍ അലി പുരസ്‌കാരം ബഹ്റൈന്‍ ആരോഗ്യമന്ത്രി ഫാഈഖ ബിന്‍ത് സഈദ് അസ്സാലിഹിന്. രാജ്യത്തിന്റെ ആരോഗ്യ സുരക്ഷാ സംരക്ഷണത്തിനായി നടത്തിയ പ്രതിരോധ നടപടികള്‍ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗുഡ് വേര്‍ഡ് സൊസൈറ്റി ഓണററി ചെയര്‍മാനും മന്ത്രിസഭ കാര്യാലയ അണ്ടര്‍ സെക്രട്ടറിയുമായ ശൈഖ് ഈസ ബിന്‍ അലിക്കും സൊസൈറ്റി അംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മന്ത്രിക്ക് സൊസൈറ്റി ചെയര്‍മാന്‍ ഹസന്‍ മുഹമ്മദ് ബൂഹസാഇലയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇത്തവണ രാജ്യം മുന്നോട്ട് വെച്ച കൊവിഡ് സുരക്ഷ നടപടികള്‍കൊണ്ടാണ് ആരോഗ്യ മന്ത്രാലയം പുരസ്‌കാരത്തിന് അര്‍ഹമായത്. ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ്, പൊതുജനാരോഗ്യ കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മര്‍യം അല്‍ ഹാജിരി, സര്‍വിസ് ആന്‍ഡ് റിസോഴ്സ് കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഫാതിമ അബ്ദുല്‍ വാഹിദ് അഹ്മദ്, ഗുഡ് വേഡ് സൊസൈറ്റി പ്രതിനിധി അന്‍വര്‍ ഹസന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മന്ത്രിയുടെ കീഴില്‍ ബഹ്‌റൈന്‍ നടപ്പിലാക്കിയ്ത. കോവിഡ്-19 രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത് മാസം മുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് ഉള്‍പ്പെടെ വിപുലമായ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തി. ഇതിലൂടെ രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ പേരെ പരിശോധനയ്ക്ക് വിധേയമാക്കാനും ബഹ്‌റൈന് സാധിച്ചിരുന്നു.